2009, ഏപ്രിൽ 1, ബുധനാഴ്‌ച

ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുക

15-ാം ലോക്സഭാ തെരഞ്ഞെടുപ്പിനുവേണ്ടി ഇടതുപക്ഷ പാര്‍ടികളുടെ ഒരു സംയുക്ത നയപ്രസ്താവന ഇന്ത്യയിലെ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാന്‍ ഇടതുപക്ഷ പാര്‍ടികള്‍ - കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്), കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ, ആള്‍ ഇന്ത്യാ ഫോര്‍വേഡ് ബ്ളോക്ക്, റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ടി- തീരുമാനിച്ചിരിക്കുന്നു.

അഞ്ചുവര്‍ഷം മുമ്പ്, 2004-ലെ പൊതുതെരഞ്ഞെടുപ്പിനെ തുടര്‍ന്ന്, യുപിഎ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് പിന്തുണ നല്‍കാന്‍ ഇടതുപക്ഷ പാര്‍ടികള്‍ തീരുമാനിച്ചു. ബിജെപിയെയും അവരുടെ സഖ്യകക്ഷികളെയും തിരസ്കരിച്ച ജനവിധി ഉള്‍ക്കൊണ്ടുകൊണ്ടാണ് ഞങ്ങള്‍ അങ്ങനെ ചെയ്തത്. കോണ്‍ഗ്രസുമായി ഇടതുപക്ഷ പാര്‍ടികള്‍ക്ക് അടിസ്ഥാനപരമായി തന്നെ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും, അവര്‍ക്ക് പിന്തുണ കൊടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചത്, വര്‍ഗീയശക്തികളെ അധികാരത്തില്‍നിന്ന് അകറ്റി നിര്‍ത്താനും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ദേശീയ പൊതുമിനിമം പരിപാടി(സിഎംപി)യോട് വിശ്വസ്തത പുലര്‍ത്തും എന്ന പ്രതീക്ഷയിലുമാണ്.


ഇടതുപക്ഷത്തിന്റെ പങ്ക്

കഴിഞ്ഞ അഞ്ചുവര്‍ഷക്കാലവും ഇടതുപക്ഷ പാര്‍ടികള്‍ മതനിരപേക്ഷതയും ജനങ്ങളുടെ സാമ്പത്തിക താല്‍പര്യങ്ങളും സംരക്ഷിക്കാനും ദേശീയ പരമാധികാരം കാത്തുരക്ഷിക്കാനും അമേരിക്കന്‍ സാമ്രാജ്യത്വവുമായുള്ള തന്ത്രപരമായ ബന്ധത്തെ ചെറുക്കാനും സ്ഥിരമായ പങ്കു വഹിച്ചിട്ടുണ്ടായിരുന്നു.

ഇടതുപക്ഷം യുപിഎ സര്‍ക്കാരിന് പിന്തുണ നല്‍കിയിരുന്ന നാല് വര്‍ഷവും സിഎംപിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ജനാനുകൂല നടപടികള്‍ നടപ്പാക്കപ്പെടുമെന്ന് ഉറപ്പുവരുത്താന്‍ ഇടതുപക്ഷം ശ്രമിച്ചിരുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമത്തിന്റെ കാര്യത്തിലായാലും വനപ്രദേശങ്ങളിലെ ഗോത്രവര്‍ഗ ജനതയ്ക്ക് ഭൂമിയില്‍ അവകാശം ഉറപ്പാക്കുന്ന വ്യവസ്ഥകളോടുകൂടിയ നിയമനിര്‍മ്മാണത്തിന്റെ കാര്യത്തിലായാലും വിവരാവകാശ നിയമത്തില്‍ ആ അവകാശം ഫലപ്രദമായി നടപ്പാക്കുമെന്ന് ഉറപ്പാക്കുന്ന കാര്യത്തിലായാലും ഇതെല്ലാം പാര്‍ലമെന്റിനു മുമ്പാകെ അവതരിപ്പിക്കുന്നതിനും പാര്‍ലമെന്റിന്റെ അംഗീകാരം നേടിയെടുക്കുന്നതിനും ഇടതുപഷം ജാഗ്രത പുലര്‍ത്തി. യുപിഎ -ഇടത് ഏകോപന സമിതിയിലും പാര്‍ലമെന്റിലും ഇടതുപക്ഷത്തിന്റെ ഇടപെടല്‍ കാരണമാണ് ഈ മൂന്ന് നിയമങ്ങളുടെയും സാധ്യത വിപുലപ്പെട്ടതും അവ കൂടുതല്‍ മെച്ചപ്പെട്ടതാക്കിയതും എന്ന് ഇടതുപക്ഷത്തിന് ന്യായമായി അവകാശപ്പെടാവുന്നതാണ്.

തങ്ങളുടെ നവലിബറല്‍ കാഴ്ചപ്പാടിനെ ആധാരമാക്കി യുപിഎ സര്‍ക്കാര്‍ ആവിഷ്കരിച്ച നയങ്ങളെയും നടപടികളെയും തടസ്സപ്പെടുത്താന്‍ ഇടതുപക്ഷ പാര്‍ടികള്‍ ജാഗ്രത പുലര്‍ത്തി. ഈ കാലഘട്ടത്തില്‍ 'ഭെല്‍' പോലെയുള്ള 'നവരത്ന' കമ്പനികളിലെ ഓഹരി വിറ്റഴിക്കുന്നതുപോലുള്ള നീക്കങ്ങളില്‍നിന്നും പൊതുമേഖലയെ രക്ഷിക്കാന്‍ ഇടതുപക്ഷം പ്രവര്‍ത്തിച്ചു. ലാഭകരമായി പ്രവര്‍ത്തിച്ചിരുന്ന ചില പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കുന്നതിനെ ഇടതുപക്ഷം തടഞ്ഞു. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ചില പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിനും ഇടതുപക്ഷം ശ്രമിച്ചു. കാര്‍ഷികരംഗത്തെ പൊതുനിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി ഇടതുപക്ഷം നിരന്തരം വാദിച്ചു. വിദ്യാഭ്യാസത്തിന് ജിഡിപിയുടെ 6%വും ആരോഗ്യത്തിന് ജിഡിപിയുടെ 2-3%വും ബജറ്റില്‍ വകയിരുത്തണം എന്ന സിഎംപിയിലെ ലക്ഷ്യം കൈവരിക്കുന്നതിനായി വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും ബജറ്റ് വിഹിതം വര്‍ദ്ധിപ്പിക്കണമെന്നും ഇടതുപക്ഷം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ആരോഗ്യത്തിലെയും വിദ്യാഭ്യാസത്തിലെയും ബജറ്റ് വകയിരുത്തല്‍ വര്‍ദ്ധിപ്പിച്ചതും കൃഷിയെ പുനരുജ്ജീവിപ്പിക്കാന്‍ ചില നടപടികള്‍ സ്വീകരിച്ചതും ഇടതുപക്ഷപാര്‍ടികളുടെ നിരന്തരമായ സമ്മര്‍ദ്ദത്തിന്റെ ഫലമായാണ്.

ദേശീയപരമാധികാരത്തിന് ക്ഷതമേല്‍ക്കുന്നതും തൊഴില്‍ അവസരങ്ങളെയും ജീവിതമാര്‍ഗത്തെയും ഹാനികരമായി ബാധിക്കുന്നതുമായ ഓരോ നടപടിയെയും ചെറുക്കുന്ന കാര്യത്തില്‍ ഇടതുപക്ഷ പാര്‍ടികള്‍ ഉറച്ചുനിന്നു. ഇതുമായി ബന്ധപ്പെട്ട സുപ്രധാനമായ ഒന്ന് ധനമേഖലയായിരുന്നു. ആ മേഖലയെ കൂടുതല്‍ ഉദാരവല്‍ക്കരിക്കുന്നതിനും വിദേശമൂലധനത്തിന് തുറന്നുകൊടുക്കുന്നതിനുമുള്ള പരിശ്രമമാണ് അന്ന് നടന്നത്. ബാങ്കിങ്ങ്, ഇന്‍ഷ്വറന്‍സ് എന്നീ നിര്‍ണായകമായ മേഖലകള്‍ക്കുമേല്‍ വിദേശമൂലധനത്തിന് പിടിമുറുക്കാന്‍ കഴിയത്തക്കവിധമുള്ള നിയമനിര്‍മ്മാണങ്ങളെ ഇടതുപക്ഷം എതിര്‍ത്തു. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ ഫണ്ട് സ്വകാര്യവല്‍ക്കരിക്കുന്നതിനും ഓഹരിവിപണിയില്‍ നിക്ഷേപിക്കുന്നതിനും എതിരായി ഇടതുപക്ഷം വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തു. ഈ നിയമം പാസാക്കാതിരുന്നതുകൊണ്ടാണ് ലക്ഷക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാര്‍ കഷ്ടപ്പെട്ടുണ്ടാക്കിയ അവരുടെ സമ്പാദ്യവും റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളും രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്. ഓഹരിവിപണിയില്‍ നിക്ഷേപിച്ചിരുന്ന ശതകോടിക്കണക്കിന് ഡോളറിന്റെ പെന്‍ഷന്‍ ഫണ്ടാണ് പാശ്ചാത്യ രാജ്യങ്ങളില്‍ അടുത്ത കാലത്തുണ്ടായ സാമ്പത്തിക തകര്‍ച്ചയില്‍ നഷ്ടപ്പെട്ടത്.

ചില്ലറ വ്യാപാരമേഖലയില്‍ ഇടതുപക്ഷം വിദേശ നിക്ഷേപത്തിനെതിരായ നിലപാടെടുത്തു. ലക്ഷക്കണക്കിന് ചെറുകിട കച്ചവടക്കാരുടെയും വ്യാപാരികളുടെയും ജീവിതം തകര്‍ക്കുന്നതിന് ഇടയാക്കുന്ന നടപടിയാകുമായിരുന്നു അത്. കാര്‍ഷികമേഖലയില്‍ കോര്‍പറേറ്റുകള്‍ കടക്കുന്നതിനെയും ഇടതുപക്ഷം എതിര്‍ത്തു; ചില്ലറ വ്യാപാരരംഗത്തെ കോര്‍പറേറ്റുകളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കാന്‍ നിയമം നിര്‍മ്മിക്കണമെന്നും ഇടതുപക്ഷം ആവശ്യപ്പെട്ടു.

മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ഇന്ത്യ-അമേരിക്ക സിഇഒ ഫോറത്തിന്റെ അജണ്ടയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നത് വര്‍ദ്ധിച്ചുവന്നു. 2005 ജൂലൈയില്‍ പ്രധാനമന്ത്രി വാഷിങ്ടണ്‍ സന്ദര്‍ശിച്ചപ്പോള്‍ രൂപം നല്‍കിയ തന്ത്രപരമായ സഖ്യത്തിന്റെ ഫലമായിട്ടായിരുന്നു ഇത്. സ്വതന്ത്ര വിദേശനയത്തില്‍ മാറ്റം വരുത്തുന്നതിനുള്ള സമ്മര്‍ദവും സൈനിക സഹകരണ കരാറും ഇന്ത്യ-അമേരിക്ക ആണവക്കരാറും അമേരിക്കന്‍ കുറിപ്പടി പ്രകാരമുള്ള സാമ്പത്തിക അജണ്ടയുമെല്ലാം യുപിഎ സര്‍ക്കാരിന്റെ ദേശീയ പൊതുമിനിമം പരിപാടിയുടെ നിഷേധമായിരുന്നു. ദേശീയ പൊതുമിനിമം പരിപാടിയെ ആധാരമാക്കിയായിരുന്നു ഇടതുപക്ഷം സര്‍ക്കാരിന് പിന്തുണ നല്‍കിയിരുന്നത്.

പാര്‍ലമെന്റിലെ മഹാഭൂരിപക്ഷം അംഗങ്ങളും പ്രകടിപ്പിച്ച എതിര്‍പ്പ് പരിഗണിക്കാതെ, ഇന്ത്യ-അമേരിക്ക ആണവക്കരാറുമായി മുന്നോട്ടുപോകാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍, വിലക്കയറ്റവും കാര്‍ഷിക പ്രതിസന്ധിയുംപോലുള്ള ഗൌരവതരമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അവര്‍ ഒരു തിടുക്കവും കാണിക്കാതിരിക്കുകയും ചെയ്തപ്പോള്‍, സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ ഇടതുപക്ഷം നിര്‍ബന്ധിതമായി.

പാര്‍ലമെന്റംഗങ്ങള്‍ക്ക് കൈക്കൂലി കൊടുത്തും അവരെ വിരട്ടിയും വിലയ്ക്കെടുത്തും ലജ്ജാകരമായ വിധം പണക്കൊഴുപ്പിനെ ആശ്രയിച്ചാണ് യുപിഎ സര്‍ക്കാര്‍ വിശ്വാസപ്രമേയത്തെ അതിജീവിച്ചത്.

അതിനുശേഷം, അധികാരത്തിലിരുന്ന തുടര്‍ന്നുള്ള മാസങ്ങളില്‍ യുപിഎ സര്‍ക്കാര്‍ പാര്‍ലമെന്റിനോടുള്ള തങ്ങളുടെ അവജ്ഞ പ്രകടിപ്പിക്കുകയും നവലിബറല്‍ നയങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്തു.

ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ധനമൂലധനത്തെ ആശ്രയിച്ചുള്ള മുതലാളിത്തത്തിന്റെ നവലിബറല്‍ മാതൃകയുടെ വിശ്വാസ്യത തന്നെ തകര്‍ന്ന ഘട്ടത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിദേശ ധനമൂലധനത്തിന് കടന്നുവരാന്‍ വീണ്ടും വഴി തുറന്നു കൊടുക്കുന്നതിനാണ് ശ്രമിച്ചത്. എല്ലാ രംഗങ്ങളിലും വിദേശമൂലധനത്തിന് പിന്‍വാതിലിലൂടെ കടന്നുവരാന്‍ കഴിയത്തക്കവിധം എഫ്ഡിഐ മാര്‍ഗരേഖയില്‍ യുപിഎ സര്‍ക്കാര്‍ മാറ്റം വരുത്തി. ആഗോളസാമ്പത്തിക പ്രതിസന്ധി നമ്മുടെ രാജ്യത്തുണ്ടാക്കുന്ന പ്രത്യാഘാതത്തെ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതി അവരുടെ വര്‍ഗപരമായ പക്ഷപാതിത്വം പ്രകടിപ്പിക്കുന്നതാണ്. യുപിഎ സര്‍ക്കാരിന് വന്‍കിട കോര്‍പ്പറേറ്റുകളെയും ധനമേഖലയിലെ ഊഹക്കച്ചവടക്കാരെയും രക്ഷപ്പെടുത്തുന്നതിനുള്ള പദ്ധതികളുണ്ട്; എന്നാല്‍ തൊഴില്‍ നഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് ആളുകളെ രക്ഷിക്കുന്നതിന് അവര്‍ക്ക് ഒരു പദ്ധതിയുമില്ല. ഈ പ്രതിസന്ധി കൃഷിയെയും കര്‍ഷകരെയും ബാധിക്കുകയാണെന്ന വസ്തുതയെപോലും സര്‍ക്കാര്‍ അവഗണിക്കുകയാണ്.

യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ എതിര്‍ക്കുമ്പോള്‍ തന്നെ ഇടതുപക്ഷ പാര്‍ടികള്‍ ഒരിക്കലും ബിജെപിക്കും വര്‍ഗീയശക്തികള്‍ക്കും എതിരായ പോരാട്ടത്തില്‍ അയവ് വരുത്തിയില്ല. ബിജെപി പ്രതിപക്ഷത്തായിരുന്ന കഴിഞ്ഞ അഞ്ച്വര്‍ഷവും അതിന്റെ അടിസ്ഥാനപരമായ കാഴ്ചപ്പാട് വര്‍ഗീയമാണെന്നും അതിന്റെ സ്വഭാവം നിര്‍ണയിക്കുന്നത് ആര്‍എസ്എസുമായുള്ള അതിന്റെ ബന്ധമാണെന്നും തെളിയിച്ചിരിക്കുന്നു. രാജ്യത്തുടനീളം മുസ്ളിം - ക്രിസ്ത്യന്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ അസഹ്യമായ വിധം വ്യാപകമായി ആക്രമണങ്ങള്‍ അഴിച്ചുവിടപ്പെട്ടു. ഒറീസയിലെ കന്ദമലും കര്‍ണാടകത്തിലെ മാംഗ്ളൂരും ക്രിസ്ത്യന്‍ സമുദായത്തിനെതിരായ ആക്രമണങ്ങളുടെ പ്രത്യക്ഷോദാഹരണങ്ങളാണ്. വഡോദര, അലിഗഢ്, ഗോരഖ്പൂര്‍, മാവു, ഇന്‍ഡോര്‍,ജബല്‍പൂര്‍, ബാംഗ്ളൂര്‍, ധൂലിയ എന്നിവിടങ്ങളിലെ വര്‍ഗീയ ആക്രമണപരമ്പരകള്‍ മുസ്ളീം ന്യൂനപക്ഷത്തെ ലക്ഷ്യമാക്കിയായിരുന്നു.

ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ ഹിന്ദുത്വ സംഘടനകളുടെ അക്രമ പ്രവര്‍ത്തനങ്ങളെ മൂടിവെയ്ക്കുകയും അവയ്ക്ക് ഒത്താശ ചെയ്യുകയും ചെയ്തു. യുപിഎ സര്‍ക്കാരിന് കുറഞ്ഞപക്ഷം മാംഗ്ളൂരിലെയും കന്ദമലിലെയും കിരാതമായ ആക്രമണങ്ങള്‍ക്കുത്തരവാദിയായ ബജ്റംഗ്ദളിനെ നിരോധിക്കുകയെങ്കിലും ചെയ്യാമായിരുന്നു. പക്ഷേ അവര്‍ക്കെതിരെ കര്‍ക്കശമായ ഒരു നടപടിയും കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടില്ല.

ഭൂരിപക്ഷ വര്‍ഗീയശക്തികള്‍ക്കെതിരെ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും സംഘടനാപരമായും ഇടതുപക്ഷ പാര്‍ടികള്‍ നിരന്തരമായി പൊരുതുകയായിരുന്നു. അതേപോലെ തന്നെ, ന്യൂനപക്ഷ സമുദായത്തിന്റെ അന്യവല്‍ക്കരണത്തെയും ഭയത്തെയും മുതലെടുത്ത് ന്യൂനപക്ഷ വര്‍ഗീയത വളരുന്നതിനെതിരായും ഇടതുപക്ഷം ഉറച്ച നിലപാടെടുത്തു.

എല്ലാ വിധത്തിലുമുള്ള ഭീകര അക്രമങ്ങളെയും വിട്ടുവീഴ്ചയില്ലാതെ ചെറുത്തു പരാജയപ്പെടുത്തേണ്ടതാണെന്ന് ഇടതുപക്ഷ പാര്‍ടികള്‍ക്ക് ബോധ്യമുണ്ട്. വിദേശബന്ധമുള്ളതായാലും ഇവിടെത്തന്നെ രൂപംകൊള്ളുന്നതായാലും ഭീകരത നമ്മുടെ സമൂഹത്തെ ശിഥിലീകരിക്കാനും വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും ജനാധിപത്യ ചട്ടക്കൂടിനെ തകര്‍ക്കാനുമാണ് ശ്രമിക്കുന്നത്. ഭുകരതയുടെ സ്രോതസ്സ് എന്തുതന്നെയായാലും അതിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി പോരാടണം എന്ന് ഇടതുപക്ഷ പാര്‍ടികള്‍ ഉറച്ച നിലപാടെടുത്തിട്ടുണ്ട്. അതേസമയം തന്നെ, ബിജെപി ചെയ്യുന്നതുപോലെ വര്‍ഗീയ വീക്ഷണത്തിലൂടെ ഭീകരതയുടെ പ്രശ്നത്തെ അവതരിപ്പിക്കാനുള്ള ശ്രമങ്ങളെയും ഇടതുപക്ഷം എതിര്‍ത്തിട്ടുണ്ട്.

വന്‍കിട മുതലാളിമാരുടെയും ഭൂപ്രഭുക്കന്മാരുടെയും വന്‍കിട കോണ്‍ട്രാക്ടര്‍മാരുടെയും വിദേശധനമൂലധനത്തിന്റെയും ബഹുരാഷ്ട്ര കമ്പനികളുടെയും താല്‍പര്യാനുസരണമുള്ള നയങ്ങള്‍ക്കെതിരായ ബദല്‍നയങ്ങള്‍ക്കുവേണ്ടിയാണ് ഇടതുപക്ഷ പാര്‍ടികള്‍ വാദിക്കുന്നത്.


ഇടതുപക്ഷ നയപരിപാടി

ഇടതുപക്ഷപാര്‍ടികളുടെ നയപരിപാടി താഴെപ്പറയുന്നവ ഉള്‍പ്പെടുന്നതാണ്:

മതനിരപേക്ഷതയുടെ സംരക്ഷണം

വര്‍ഗീയ അക്രമങ്ങളെ അമര്‍ച്ച ചെയ്യുകയും കലാപങ്ങള്‍ക്ക് ഇരയായ എല്ലാപേര്‍ക്കും നീതി ഉറപ്പാക്കുകയും ചെയ്യുക; ന്യൂനപക്ഷങ്ങള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുക; ബജ്റംഗദളിനെ നിരോധിക്കുക; വിദ്യാഭ്യാസത്തിലും സംസ്കാരത്തിലും മതനിരപേക്ഷമൂല്യങ്ങളെ പ്രോല്‍സാഹിപ്പിക്കുക; ഭീകരതയെ ഫലപ്രദമായി ചെറുക്കുക; രഹസ്യാന്വേഷണ സംവിധാനത്തെ മെച്ചപ്പെടുത്തുക; സുരക്ഷാസേനയെ ആധുനികവല്‍ക്കരിക്കുക; ഭീകരവിരുദ്ധ നിയമങ്ങളിലെ കിരാത വ്യവസ്ഥകള്‍ നീക്കം ചെയ്യുക.

സാമ്പത്തിക നയങ്ങള്‍

സര്‍ക്കാരിന്റെ ഇടപെടല്‍ വര്‍ദ്ധിപ്പിക്കുകയും നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലും തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് വന്‍തോതില്‍ പൊതുനിക്ഷേപം നടത്തുകയും കൃഷിയും സാമൂഹിക മേഖലകളും പശ്ചാത്തല സൌകര്യങ്ങളും വികസിപ്പിക്കുകയും ചെയ്യുക; സമ്പന്ന വിഭാഗങ്ങള്‍ക്കും ഊഹാധിഷ്ഠിത മൂലധനത്തിനും മേല്‍ നികുതി വര്‍ദ്ധിപ്പിച്ച് വിഭവസമാഹരണം നടത്തുക; കോര്‍പ്പറേറ്റുകള്‍ക്കുള്ള നികുതി ഇളവുകള്‍ നീക്കം ചെയ്യുക; കള്ളപ്പണം പുറത്തുകൊണ്ടുവരുന്നതിനുള്ള നീക്കം നടത്തുക; എഫ്ആര്‍ബിഎം ആക്ട് റദ്ദ് ചെയ്യുക.

കൃഷി

ഭൂപരിഷ്കരണവും കുടിയായ്മ പരിഷ്കരണവും നടപ്പിലാക്കുക; താങ്ങുവിലയുടെ ആനുകൂല്യം കൂടുതല്‍ വിളകള്‍ക്ക് ലഭ്യമാക്കുക; 4% പലിശനിരക്കില്‍ കാര്‍ഷികവായ്പ ഉറപ്പാക്കുക; വൈദ്യുതി, ജലസേചനം, വിത്ത്, വളം എന്നിവയ്ക്കുള്ള പൊതുനിക്ഷേപം വര്‍ദ്ധിപ്പിക്കുക; ജൈവവൈവിധ്യം വര്‍ദ്ധിപ്പിക്കുകയും പരമ്പരാഗത അറിവുകളിന്മേലുള്ള അവകാശം സംരക്ഷിക്കുകയും ചെയ്യുക; നാണ്യവിളകള്‍ക്കുള്ള താരിഫ് സംരക്ഷണം വര്‍ദ്ധിപ്പിക്കുക.

ഭക്ഷണവും പൊതുവിതരണവും

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ സാര്‍വത്രിക പൊതുവിതരണ സംവിധാനം; പഞ്ചസാര, പയര്‍ വര്‍ഗങ്ങള്‍, ഭക്ഷ്യ എണ്ണകള്‍ എന്നിവ ഉള്‍പ്പെടെ എല്ലാഅവശ്യസാധനങ്ങളും പൊതുവിതരണ സംവിധാനത്തിലൂടെ ലഭ്യമാക്കുക; എഫ്സിഐ മുഖേന ഭക്ഷ്യധാന്യങ്ങളുടെ പൊതുസംഭരണം ശക്തിപ്പെടുത്തുക; അവശ്യസാധനങ്ങളുടെ അവധിവ്യാപാരം നിരോധിക്കുകയും സ്വകാര്യ സംഭരണത്തെ തടയുകയും ചെയ്യുക.

വ്യവസായം

അടിസ്ഥാനമേഖലകളിലും തന്ത്രപ്രധാന മേഖലകളിലും പൊതുമേഖലയെ ശക്തിപ്പെടുത്തുക; തൊഴില്‍ അവസര പ്രധാനമായ രംഗങ്ങളില്‍ ചെറുകിട - ഇടത്തരം സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കുക; കൈത്തറി, കയര്‍ തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങളുടെ സംരക്ഷണം; ചില്ലറ വ്യാപാരരംഗത്ത് വിദേശ നിക്ഷേപം തടയുക; ചെറുകിട - അസംഘടിത ചില്ലറ വ്യാപാരികളെ പ്രോല്‍സാഹിപ്പിക്കുക; സെന്‍സിറ്റീവ് മേഖലകളിലെ എഫ്ഡിഐ മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കുക; സെസ് (ടഋദ) നിയമവും ചട്ടങ്ങളും പുനഃപരിശോധിക്കുക; പൊതുമേഖലയിലെ ഖനന കമ്പനികളെ ആധുനികവല്‍ക്കരിക്കുക; പശ്ചാത്തല വികസന മേഖലയില്‍ പൊതുനിക്ഷേപം വര്‍ദ്ധിപ്പിക്കുക.

ധനമേഖല

ബാങ്കിങ്-ഇന്‍ഷ്വറന്‍സ് മേഖലകള്‍ക്കുമേല്‍ ശക്തമായ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക; ധനമൂലധനം രാജ്യത്തിനകത്തേക്കുവരുന്നതിനും പുറത്തേക്കുപോകുന്നതിനും കര്‍ശനമായ നിയന്ത്രണം; ഊഹാധിഷ്ഠിത ധനമൂലധനത്തെ നിരുല്‍സാഹപ്പെടുത്തുക; പെന്‍ഷന്റെയും പ്രോവിഡന്റ് ഫണ്ടിന്റെയും സ്വകാര്യവല്‍ക്കരണമോ ഓഹരിവിപണിയിലേക്കു മാറ്റലോ പാടില്ല.

അധ്വാനിക്കുന്ന ജനങ്ങളുടെ അവകാശങ്ങള്‍

നഗരങ്ങളിലെയും നാട്ടിന്‍പുറങ്ങളിലെയും എല്ലാ തൊഴിലാളികളുടെയും മിനിമം കൂലി വര്‍ദ്ധിപ്പിക്കുക; തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുക; പണിമുടക്കവകാശം സംരക്ഷിക്കുക; അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് സാര്‍വത്രിക സാമൂഹികസുരക്ഷ; കര്‍ഷകത്തൊഴിലാളികള്‍ക്ക് പ്രത്യേക സാമൂഹിക സുരക്ഷാനിയമം; സ്വകാര്യ പണമിടപാടുകാര്‍ക്ക് കര്‍ഷകര്‍ നല്‍കാനുള്ള വായ്പകള്‍ എഴുതിത്തള്ളുക; വിള ഇന്‍ഷ്വറന്‍സിന്റെ സാര്‍വത്രികവല്‍ക്കരണം; മല്‍സ്യത്തൊഴിലാളി വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക.

സാമൂഹികനീതി

വനിതാ സംവരണ ബില്‍ നിയമമാക്കുക; ലൈംഗിക പീഡനത്തിനെതിരെ സമഗ്ര നിയമം; സ്ത്രീധനവും പെണ്‍ഭ്രൂണഹത്യയും നിര്‍മാര്‍ജനം ചെയ്യല്‍; സ്വകാര്യമേഖലയില്‍ പട്ടികജാതി- പട്ടികവര്‍ഗക്കാര്‍ക്ക് സംവരണം അനുവദിക്കുക; പട്ടികജാതി/പട്ടികവര്‍ഗക്കാര്‍
്ക് കുടിശികയുള്ള തസ്തികകളും സീറ്റുകളും അനുവദിക്കുക; പട്ടികവര്‍ഗ-മറ്റു പരമ്പരാഗത വനവാസി (വനാവകാശം അംഗീകരിക്കല്‍) നിയമം -2006 ശരിയായ വിധത്തില്‍ നടപ്പിലാക്കുക; ഗോത്രവര്‍ഗമേഖലകളില്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുക; സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ ഒരു ന്യൂനപക്ഷ ഉപപദ്ധതിക്ക് രൂപം നല്‍കുക; മുസ്ളിം ഭൂരിപക്ഷ ജില്ലകളില്‍ തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മണ്ഡലങ്ങളില്‍ വികസനം ത്വരിതഗതിയിലാക്കുക; ഉറുദുഭാഷ പ്രോല്‍സാഹിപ്പിക്കുക; മദ്രസാ വിദ്യാഭ്യാസം ആധുനികവല്‍ക്കരിക്കുക.

വിദേശനയം

സ്വതന്ത്ര-ചേരിരഹിത വിദേശനയം പിന്തുടരുക; അമേരിക്കയുമായുള്ള 123 കരാറും പ്രതിരോധ ചട്ടക്കൂട് കരാറും പുനഃപരിശോധിക്കുക; സാര്‍വത്രിക ആണവ നിരായുധീകരണത്തിനായി ഉറച്ചു നില്‍ക്കുന്നതിനൊപ്പം സിടിബിടിയെയും എന്‍പിടിയെയും പോലുള്ള വിവേചനപരമായ ആണവക്കരാറുകളെ ചെറുക്കുക; ലോകബന്ധങ്ങളില്‍ ബഹുധ്രുവതയെ പ്രോല്‍സാഹിപ്പിക്കുക; ഐക്യരാഷ്ട്രസഭയെ ശക്തിപ്പെടുത്തുകയും സെക്യൂരിറ്റി കൌണ്‍സിലിനെ ജനാധിപത്യവല്‍ക്കരിക്കുകയും ചെയ്യുക; സാര്‍ക് (ടഅഅഞഇ) സഹകരണത്തെ പ്രോത്സാഹിപ്പിക്കുക; മതതീവ്രവാദത്തെയും ഭീകരതയെയും ചെറുത്തുതോല്‍പിക്കാനുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ ഏകീകൃത പരിശ്രമങ്ങളെയും പ്രോല്‍സാഹിപ്പിക്കുക; ഇറാന്‍-പാകിസ്ഥാന്‍- ഇന്ത്യ വാതക പൈപ്പ്ലൈന്‍ നടപ്പാക്കുക; പലസ്തീന്‍ ജനതയ്ക്ക് പിന്തുണ; ഇസ്രായേലുമായുള്ള സൈനിക-സുരക്ഷാ കൂട്ടുകെട്ടുകള്‍ അവസാനിപ്പിക്കുക.

ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷപാര്‍ടികളെയും അവരുടെ ബദല്‍ നയപരിപാടികളെയും പിന്തുണയ്ക്കാന്‍ ഞങ്ങള്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

1) മതനിരപേക്ഷത ശക്തമായി സംരക്ഷിക്കപ്പെടണമെങ്കില്‍
...

2) ദേശീയ പരമാധികാരം സുരക്ഷിതമായിരിക്കണമെങ്കില്‍
...

3) സന്തുലിതവും സമത്വാധിഷ്ടിതവും നീതിപൂര്‍ണവുമായ സ്വയം പര്യാപ്ത സാമ്പത്തിക പാതയുടെ വികസനം സാധ്യമാകണമെങ്കില്‍
...

4) അധ്വാനിക്കുന്ന ജനങ്ങള്‍ക്കും ദളിതര്‍ക്കും ആദിവാസികള്‍ക്കും സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സമൂഹത്തിലെ സമസ്ത മര്‍ദ്ദിത വിഭാഗങ്ങള്‍ക്കും സാമൂഹിക നീതി ഉറപ്പാക്കണമെങ്കില്‍ ...

5) ശക്തവും സ്വതന്ത്രവുമായ വിദേശനയത്തോടുകൂടി രാജ്യം തല ഉയര്‍ത്തി നില്‍ക്കണമെങ്കില്‍ ...

...ഇടതുപക്ഷത്തെ ശക്തിപ്പെടുത്തിയേ പറ്റൂ

കോണ്‍ഗ്രസിതര, ബിജെപി ഇതര പാര്‍ടികളോടൊത്താണ് ഇടതുപക്ഷ പാര്‍ടികള്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍, തെരഞ്ഞെടുപ്പിനുശേഷം ജനങ്ങള്‍ക്കനുകൂലമായ നയങ്ങള്‍ പിന്തുടരുന്ന ബദല്‍ മതനിരപേക്ഷ സര്‍ക്കാരിന് രൂപം നല്‍കാനാകും.

ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുന്നതും അതിന്റെ ബദല്‍ നയപരിപാടികള്‍ക്ക് പിന്തുണ നല്‍കുന്നതും ഒരു പുതിയ ദിശാബോധത്തോടുകൂടിയ നയങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടവുമായി മുന്നേറുമെന്ന് ഉറപ്പാക്കും.

ബദല്‍ മതനിരപേക്ഷ സര്‍ക്കാരിനുവേണ്ടി

ജനങ്ങള്‍ക്കനുകൂലമായ നയങ്ങള്‍ക്കുവേണ്ടി

ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ