സി.പി.ഐ.എമ്മിനെ തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കും എന്ന് വ്യക്തമാക്കിയതിന്റെ പേരില്‍ മദനിയുടെ “തീവ്രവാദബന്ധങ്ങളെ” പറ്റി അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തില്‍ വ്യാപൃതരായിരിക്കുന്ന മനോരമാ, ഏഷ്യാനെറ്റ് ചാനലുകള്‍ സ്വന്തം മാധ്യമപ്പട നടത്തുന്ന ക്രിമിനല്‍ കുറ്റങ്ങളെ സമര്‍ത്ഥമായി തമസ്കരിക്കുന്നു.
മനോരമ ക്യാമറാമാനും വീഡിയോ എഡിറ്റര്‍ക്കുമെതിരേ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത് അതീവ ഗുരുതരമായ കുറ്റങ്ങളാണ്. ടോട്ടല്‍ ഫോര്‍ യു തട്ടിപ്പുകേസിലെ പ്രതിയും മനോരമ ചാനല്‍ ക്യാമറാമാനുമായ സീനു മുരുക്കുംപുഴയുടെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയെ തുടര്‍ന്ന് അസിസ്റ്റന്റ് കമ്മീഷണറുടെ വീട് ആക്രമണമുണ്ടായ കേസില് ഏഷ്യാനെറ്റ് ജീവനക്കാരന്‍ ഹരി ജി നായരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. മനോരമ ചാനലിലെ വീഡിയോ എഡിറ്റര്‍ ഹരികുമാര്‍, സീനു മുരുക്കുംപുഴയുടെ ഭാര്യാസഹോദരന്‍ സൂരജ് എന്നിവര്‍ക്കും ആക്രമണത്തില്‍ പങ്കുണ്ട് എന്ന് പോലീസ് പറയുന്നു. ഇവര്‍ ഒളിവിലാണ്.
2009 ഫെബ്രുവരി 24ന് രാത്രി രണ്ടരയോടെയാണ് കമ്മീഷണറുടെ കുമാരപുരത്തെ വീടിനുനേരെ ആക്രമണമുണ്ടായത്. കാര്‍ഷെഡ്ഡില്‍ കിടന്ന കാറിന്റെ പുറകുവശത്തെ ചില്ല് അടിച്ചുപൊട്ടിച്ച ശേഷം പെട്രോള്‍ ബോംബ് ഇട്ട് കത്തിക്കുകയും വീടിന്റെ മുകളിലത്തെയും താഴത്തെയും നിലകളിലെ മുന്‍വശത്തെ വാതിലുകള്‍ ബോംബ് എറിഞ്ഞ് തകര്‍ക്കുകയുമായിരുന്നു.
ടോട്ടല്‍ ഫോര്‍ യു തട്ടിപ്പുകേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ശബരീനാഥിനെ മനോരമ ചാനലില്‍ അഭിമുഖത്തിനെന്നപേരില്‍ വിളിപ്പിച്ച് സീനു മുരുക്കുംപുഴ പണവും വസ്തുക്കളുടെ രേഖകളും കാറിന്റെ താക്കോലും ആഭരണവും തട്ടിയെടുത്തിരുന്നു. ബിഎംഡബ്ള്യു കാറിന്റെയും ഫ്ളാറ്റിന്റെയും താക്കോലും തട്ടിയെടുത്തവയുടെ കൂട്ടത്തിലുണ്ടായിരുന്നു. അതിനുശേഷം എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘത്തിന് ശബരീനാഥിനെ കൈമാറി. അതിനുശേഷമാണ് ശബരിയെ ശംഖുംമുഖം എസിയുടെ നേതൃത്വത്തില്‍ പിടികൂടിയത്.
ശബരീനാഥിന്റെ കുറ്റസമ്മതമൊഴിയില്‍ സീനു മുരുക്കുംപുഴ പണവും മറ്റും തട്ടിയെടുത്ത കാര്യം വെളിപ്പെടുത്തിയിരുന്നു. പൊലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ സിറ്റി പൊലീസ് കമീഷണറുടെ മുന്നില്‍ ഹാജരാക്കി. ഇതേതുടര്‍ന്ന് പൊലീസ് സീനു മുരുക്കുംപുഴയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇതറിഞ്ഞ് സീനു ദുബായില്‍ ഒളിവില്‍ പോയി.
പകപോക്കാന്‍ സീനു അവസരം പാര്‍ത്തിരിക്കുമ്പോഴാണ് മറ്റൊരു കേസില്‍ അസിസ്റ്റന്റ് കമ്മീഷണറെ സസ്പെന്‍ഡ് ചെയ്തത്. ഇതറിഞ്ഞ് രഹസ്യമായി തിരുവനന്തപുരത്ത് വന്ന സീനു പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു. സീനുവിന്റെ ഭാര്യവീട് കുമാരപുരം ചെന്നിലോട്ടാണ്. ആക്രമണത്തിനുശേഷം പൊലീസ് നായ മണംപിടിച്ച് ഈ വീട്ടില്‍ എത്തിയിരുന്നു. ഭാര്യാസഹോദരന്‍ സൂരജ് എറണാകുളത്തെ ഒരു കമ്പനിയില്‍ അക്കൌണ്ടന്റ് ആണ്.
അസിസ്റ്റന്റ് കമീഷണറുടെ വീട് ആക്രമിക്കുന്നതിന് ഗുണ്ടാസംഘങ്ങളെ ഏല്‍പ്പിച്ചാല്‍ വിവരം പുറത്താകുമെന്നുകണ്ടാണ് സീനു സ്വയം പദ്ധതി തയ്യാറാക്കിയതും ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നും പൊലീസ് പറഞ്ഞു. സീനുവിന്റെ ഭാര്യ സുരഭിക്കും ഗൂഢാലോചനയില്‍ പങ്കുണ്ട് എന്ന് പോലീസ് സംശയിക്കുന്നു.
ക്രൈം റെക്കോഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമീഷണര്‍ ഇ ഷറഫുദീന്റെ നേതൃത്വത്തില്‍ ഡിവൈഎസ്പിമാരായ മഹേഷ്, ബൈജു, സിഐ സുരേഷ് എന്നിവരടങ്ങിയ പതിനഞ്ചംഗസംഘമാണ് കേസ് അന്വേഷിച്ചത്.