2009, മാർച്ച് 21, ശനിയാഴ്‌ച

ഖദറില്‍ പൊതിഞ്ഞ മാംസപിണ്ഡങ്ങളാണ് കോണ്‍ഗ്രസ്സുകാര്‍ എന്ന് ശശി തരൂര്‍ !

ഇന്ത്യയിലെ രാഷ്ട്രീയം ചില മൂന്നാം കിട സിനിമകളേക്കാള്‍ വിചിത്രമാകാറുണ്ട് പലപ്പോഴും. വായിലൂടെ വയറിളകുന്ന ചില നായകന്മാരെക്കൊണ്ട്  സിനിമയിലെ "ദുഷ്ട"രാഷ്ട്രീയ കഥാപാത്രങ്ങള്‍ക്കു  നേരെ കടുപ്പപ്പെട്ട വാചകങ്ങള്‍ വിസര്‍ജ്ജിപ്പിക്കുന്ന തിരക്കഥാകൃത്തുക്കളെയും സംവിധായകരേയും പോലും ഞെട്ടിച്ചുകൊണ്ടാണ് നമ്മുടെ ചില കൊടികെട്ടിയ ബ്യൂറോക്രാറ്റുകള്‍ 
മാധ്യമങ്ങളിലൂടെ കൊടുങ്കാറ്റുയര്‍ത്തുന്നത്. മുന്‍പ് നമുക്കതുപോലെ ഒരു 
ഇലക്ഷന്‍ കമ്മീഷണറുണ്ടായിരുന്നു - പാലക്കാട്ടുകാരന്‍ തിരുനെല്ലി നാരായണയ്യര്‍ ശേഷന്‍ എന്ന സാക്ഷാല്‍ ടി.എന്‍. ശേഷന്‍. രാഷ്ട്രീയക്കാര്‍ ഇന്ത്യയെ ബാധിച്ച അര്‍ബുദമാണെന്ന് വരെ തട്ടിമൂളിച്ച് കുറേ അരാഷ്ട്രീയ മധ്യവര്‍ഗ്ഗ ജീവികളുടെ കൈയ്യടി വാങ്ങിയ ടിയാന്‍ ലാവണം ഒഴിഞ്ഞപ്പോള്‍ നേരെ പോയത് വര്‍ഗീയ-പ്രാദേശികവാദ രാഷ്ട്രീയത്തിന്റെ തലതൊട്ടപ്പന്മാരായ ശിവസേനക്കാരന്റെ പ്രസിഡന്റു സ്ഥാനാര്‍ത്ഥി ടിക്കറ്റു വാങ്ങാന്‍ എന്ന് ചരിത്രം. കാലത്തിന്റെ കാവ്യ നീതിയോ എന്തോ, പട്ടരു തോറ്റു. തോറ്റത് കെ.ആര്‍ നാരായണനോട്. 

ഇപ്പോഴിതാ വേറൊരു പാലക്കാട്ടുകാരന്‍ ബ്യൂറോക്രാറ്റിനും ആ വഴി ഒരുങ്ങുന്നു. കഥാപാത്രം തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ്സുകാര്‍ക്ക് പോലും അറിയാത്ത കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി ഡോ: ശശി തരൂര്‍.

തരൂരിന്റെ പുസ്തകങ്ങളിലെ കോണ്‍ഗ്രസ്സ് ഭര്‍ത്സനം പണ്ടേ പ്രസിദ്ധം. എല്ലാ ബ്യൂറോക്രാറ്റുകളും കൈയ്യടി വാങ്ങുമ്പോലെ രാഷ്ട്രീയക്കാരനെ ചവിട്ടിത്തേച്ച് തരൂരും വാങ്ങി കുറേ കൈയ്യടി. എന്നാല്‍ ഇപ്പോള്‍ ഇന്ദിരാ കോണ്‍ഗ്രസ്സിന്റെ "ആദിപിതാവായ" കെ.കരുണാകരന്റെ കൈയ്യും പിടിച്ച് ഒട്ടിച്ചേര്‍ന്നിരിക്കുന്ന, ഇന്ദിരാ ഭവന്റെ മുറ്റം നിരങ്ങുന്ന തരൂരിന് ഓര്‍മ്മിക്കാന്‍ ചിലത് ജനയുഗം പത്രത്തില്‍ വന്നത് ഉദ്ധരിക്കട്ടെ:

അധികാരദുര്‍വിനിയോഗത്തിലൂടെ സ്വകാര്യ സ്വത്ത് സമ്പാദിച്ചു കൂട്ടുന്ന ഖദറില്‍ പൊതിഞ്ഞ മാംസപിണ്ഡങ്ങളാണ് കോണ്‍ഗ്രസ്സുകാര്‍ എന്ന് തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. ‘ ഇന്ത്യ ഫ്രം മിഡ്നൈറ്റ് ടു മില്ലെനിയം’ എന്ന തന്റെ പുസ്തകത്തിലാണ് തരൂര്‍ കോണ്‍ഗ്രസ്സുകാരെക്കുറിച്ച് ഈ അഭിപ്രായം പ്രകടിപ്പിച്ചത്. കോണ്‍ഗ്രസ്സിന്റെ അഭിവന്ദ്യനേതാക്കളെയെല്ലാം രൂക്ഷമായ ഭാഷയില്‍ ആക്രമിക്കുന്ന ഈ പുസ്തകത്തില്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ‘ടൂറിനിലെ ശവക്കച്ച’ എന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിശേഷിപ്പിച്ചിരിക്കുന്നത്.

    ടോറിനോയിലെ ഒരു കരാറുകാരന്റെ മകള്‍, കലാശാല ബിരുദമില്ലാത്തവള്‍, പ്രധാനമന്ത്രിയുടെ വസതിക്കു പുറത്തുള്ള ജനജീവിതത്തെക്കുറിച്ച് വിവരമില്ലാത്തവള്‍, വളരെ കുറച്ചു മാത്രം സംസാരിക്കുന്നവള്‍, പൊതുവേദിയില്‍ വെച്ചു പുഞ്ചിരിക്കാത്തവള്‍ എന്നിങ്ങനെയാണ് തരൂരിന്റെ പുസ്തകം ചാര്‍ത്തിക്കൊടുക്കുന്ന വിശേഷണങ്ങള്‍.

    ഇന്ദിരയുടെ പാഴ്സി ഭര്‍ത്താവിന്റെ പേര് ഏറെ സൌകര്യപ്രദമായ ഗാന്ധി എന്നതിനു പകരം ടോഡിവാല(മദ്യവില്‍പ്പനക്കാരന്‍) എന്നായിരുന്നുവെങ്കില്‍ ഇന്ത്യയുടെ രാഷ്ട്രീയചരിത്രം വ്യത്യസ്തമാകുമായിരുന്നോ എന്ന് പുസ്തകത്തില്‍ തരൂര്‍ ചോദിക്കുന്നു.

                     ചേരി നിര്‍മാര്‍ജനത്തിന്റേയും ബുള്‍ഡോസറുകള്‍ കൊണ്ട് വീടുകളും തൊഴില്‍ സ്ഥലങ്ങളും ഇടിച്ച് നിരത്തിയതിന്റെയും നിര്‍ബന്ധ വന്ധ്യംകരണത്തിന്റെയും അറസ്റ്റുകളുടെയും മര്‍ദ്ദനങ്ങളുടെയും വിദ്യാര്‍ത്ഥി പ്രവര്‍ത്തകരെ ജയിലില്‍ കൊല്ലാക്കൊലെ ചെയ്തതിന്റെയും കഥകളായാണ് അടിയന്തരാവസ്ഥയെ തരൂര്‍ ഓര്‍ക്കുന്നത്. ഇന്ദിരയുടെ മകനും രാജീവിന്റെ സഹോദരനുമായ സഞ്ജയ് ഗാന്ധിയെ സാമൂഹ്യവിരുദ്ധനെന്നാണ് തരൂര്‍ വിശേഷിപ്പിക്കുന്നത്. ഇന്ദിരാഗാന്ധിയും സഞ്ജയ് ഗാന്ധിയും ചേര്‍ന്ന് സ്വാര്‍ത്ഥ താല്പര്യത്തിനു വേണ്ടി വളര്‍ത്തിക്കൊണ്ടു വന്ന സിഖ് തീവ്രവാദികളുടെ കയ്യാലാണ് ഇന്ദിര കൊല്ലപ്പെട്ടതെന്നും തരൂര്‍ പറയുന്നു.

          ഗാന്ധിസം പരാജയമായിരുന്നുവെന്നും നെഹ്രുവിന്റെ നയങ്ങള്‍ ഇന്ത്യയെ പുറകോട്ടടിപ്പിച്ചുവെന്നും തരൂര്‍ ആരോപിക്കുന്നുണ്ട്. ഗാന്ധിയുടെ ഉപദേശം പുണ്യവാളനാകാനുള്ള കുറുക്കുവഴിയോ അല്ലെങ്കില്‍ നിഷ്ക്രിയത്വത്തിനുള്ള ആഹ്വാനമോ ആണെന്ന് തരൂര്‍ വിമര്‍ശിക്കുന്നു. പത്ത് വര്‍ഷം മുന്‍പ് തരൂര്‍ എഴുതിയ ഈ പുസ്തകത്തിന് ഇന്ത്യയില്‍ ഇതുവരെ ആറു പതിപ്പുകള്‍ ഉണ്ടായിട്ടുണ്ട്.

തരൂരിന്റെ മറ്റൊരു പുസ്തകമായ
‘പുതു യുഗം, പുതിയ ഇന്ത്യ’ എന്ന പുസ്തകത്തിലും കോണ്‍ഗ്രസ്സിനെതിരെയുള്ള വിമര്‍ശനങ്ങള്‍ സുലഭമാണ്. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് ഒരു വന്‍ തമാശയാണ് എന്നാണ് ഈ പുസ്തകത്തില്‍ തരൂര്‍ അഭിപ്രായപ്പെടുന്നത്. കോണ്‍ഗ്രസ്സിനെതിരെയുള്ള തന്റെ നിലപാടുകളില്‍ എന്തെങ്കിലും മാറ്റം വന്നതായി തരൂര്‍ ഇതുവരെ പറഞ്ഞിട്ടില്ല.

അടിയന്തരാവസ്ഥക്കെതിരെ രൂക്ഷമായ ആക്രമണം ഉന്നയിച്ച് ഇന്ദിരാഗാന്ധിയെ ഇന്ത്യ കണ്ട ഏറ്റവും ക്രൂരയായ ഭരണാധികാരിയായി ചിത്രീകരിക്കാനാണ് തരൂര്‍ പുസ്തകത്തില്‍ ശ്രമിച്ചിട്ടുള്ളത്. ‘അടിയന്തരാവസ്ഥയുടെ അതിക്രമങ്ങള്‍ക്കിരയായവരില്‍ ഭൂരിഭാഗവും ഏറ്റവും താഴെക്കിടയിലുള്ള ജനാധിപത്യത്തിന്റെ സംരക്ഷണം ഏറ്റവും കൂടുതല്‍ ആവശ്യമുള്ള സാധുക്കളാണെന്നു ഞാന്‍ മനസ്സിലാക്കി. രാഷ്ട്രത്തിന്റെ പരമാധികാരം കമ്പോളങ്ങളിലും പാടങ്ങളിലും നിന്ന് പാവപ്പെട്ട പൌരന്മാരെ ബലം പ്രയോഗിച്ച് പിടികൂടി വണ്ടികളില്‍ കയറ്റി വന്ധ്യംകരണക്യാമ്പുകളിലേക്ക് കൊണ്ടുപോകുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ സ്വേച്ഛാധിപത്യ രാഷ്ട്രമായി അധപ്പതിക്കുകയാണെന്നറിഞ്ഞ് അതിയായി ദുഃഖിച്ചു. ഇത്ര അധപ്പതിച്ച ഒരു ഭരണത്തെയാണല്ലോ ഇന്നു വരെ ഞാന്‍ പിന്താങ്ങിയിരുന്നത്. ഇന്ദിരയാണ് ഇന്ത്യയെന്നും ഇന്ത്യയാണ് ഇന്ദിരയെന്നുമുള്ള വ്യാഖ്യാനം എനിക്കു സ്വീകാര്യമായിരുന്നില്ല.

ഇന്ദിരാഗാന്ധിയുടെ ശവക്കുഴി തോണ്ടിയത് അവര്‍തന്നെ വളര്‍ത്തിക്കൊണ്ടുവന്ന സിഖ് തീവ്രവാദമാണെന്നാണ് തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ തന്റെ പുസ്തകത്തില്‍ പറയുന്നത്.  രണ്ടാമത്തെ തവണ അധികാരത്തിലേടിയ ഇന്ദിര മാനക്കേടു മാത്രം ശേഷിപ്പിച്ചിരിക്കെയാണ് രക്തസാക്ഷിയായതെന്ന് തരൂര്‍ പറയുന്നു. അവര്‍ വീണ്ടുമൊരു തിരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള സാധ്യത വിരളമായിരുന്നു. പക്ഷേ, ഭീകരമായ സാഹചര്യഹ്തില്‍ സംഭവിച്ച മരണം കുടുംബവാഴ്ച നിലനിര്‍ത്താന്‍ സഹായിച്ചു. തരൂര്‍ എഴുതുന്നു.

രാജീവ് ഗാന്ധിയുടെ മരണശേഷം സോണിയ രാഷ്ട്രീയത്തിലിറങ്ങണമെന്ന് നിര്‍ബന്ധിച്ച കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരെക്കുറിച്ച് തരൂര്‍ ഇങ്ങനെയാണ് എഴുതുന്നത്. - ‘ഇദ്ദേഹത്തെപ്പോലൊരാള്‍ വിവാഹസര്‍ട്ടിഫിക്കറ്റിന്റെ മാത്രം യോഗ്യതയുള്ള ഒരു നേതാവിനു പിന്തുണപ്രഖ്യാപിക്കാന്‍ ധൈര്യപ്പെടുന്നത് കാണുമ്പോള്‍ വംശാധിപത്യം അടുത്തെങ്ങും അവസാനിക്കുന്ന ലക്ഷണമില്ലെന്നെ പറയാനാകൂ.

             രാജീവ് ഗാന്ധിയുടെ സ്വാധീനത്തിന്റെ ശക്തിയും ദൌര്‍ബല്യവും ഒരേ സമയം വെളിവാകുന്നതാണ് അദ്ദേഹത്തിന്റെ പദവി വിധവയായ സോണിയയ്ക്കു നല്‍കാനുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തീരുമാനം. ഇറ്റലിയില്‍ ജനിച്ച രാഷ്ട്രീയക്കാരിയല്ലാത്ത ഈ വനിതയെ അവരോധിക്കാനുള്ള വിചിത്രമായ നീക്കത്തില്‍ നിന്നു തെളിയുന്നത് രാജീവ്ഗാന്ധിയുടെ നേതൃത്വഗുണം കൊണ്ടല്ല, ആ പേരിന്റെ വശ്യത കൊണ്ടാണ് അദ്ദേഹത്തെ നേതാവാക്കിയത് എന്നതാണ്. തരൂര്‍ എഴുതുന്നു.

(ജനയുഗം 21 മാര്‍ച്ച് 2009)

ചില രാഷ്ട്രീയക്കാര്‍ പുസ്തകം വായിക്കാത്തതിന്റെ എല്ലാ സൗകര്യവും അനുഭവിക്കുന്നത് തരൂരിനെയും ശേഷനേയും പോലുള്ള അവസരവാദികളാണ്.

2 അഭിപ്രായങ്ങൾ:

  1. ചില രാഷ്ട്രീയക്കാര്‍ പുസ്തകം വായിക്കാത്തതിന്റെ എല്ലാ സൗകര്യവും അനുഭവിക്കുന്നത് തരൂരിനെയും ശേഷനേയും പോലുള്ള അവസരവാദികളാണ്.

    നൂലുകെട്ടിയിറക്കപ്പെടുന്ന ഉന്നതകുലജാതരും അത്യഭ്യസ്തവിദ്യരും ഇത്തിരി രാഷ്ടീയം സാധാരണക്കാരനില്‍ നിന്നു പഠിക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  2. പേടിക്കണ്ട....കമ്യൂണിസ്റ്റുകാര്‍ ഇതൊക്കെ പറഞ്ഞു കൊന്നു കൊല വിളിച്ചോളും. പിന്നെ എന്‍ സി പി ബാക്കി നോക്കി കൊള്ളും.

    മറുപടിഇല്ലാതാക്കൂ